Monday, December 10, 2007

അടുക്കളജന്മം

അരങ്ങിലെത്താന്‍ മോഹമായിരുന്നു എന്നും.
ഒരിക്കലും അടുക്കള വിട്ടിറങ്ങാന്‍ കഴിഞ്ഞില്ല.
കത്തിയമരുന്ന വിറകുകൊള്ളിയായി
എത്ര തേച്ചാലും വെളുക്കാത്ത കല്‍‌ച്ചട്ടിയായി
അഗ്നിക്കു മുകളിലെ തിളയായി
അടുക്കളയില്‍ തളയ്ക്കപ്പെട്ടു.

വസ്ത്രത്തില്‍ പുരണ്ട കരിയും
മുടിക്കിടയിലെ ചാരവും
ചുവന്നുകലങ്ങിയ കണ്ണുകളും
കത്തിപ്പാടുകള്‍ വീണ ചൂണ്ടുവിരലും
അടയാളമായി.
ആ മുദ്രയില്ലെങ്കില്‍
ആരും തിരിച്ചറിയാതെയായി.

ഭര്‍ത്താവ് പരിഹസിച്ചു:
ഇതുപോലൊരടുക്കളവാസി.
മക്കള്‍ ചിരിച്ചു:
അടുക്കളയ്ക്കു പുറത്തെ ലോകം
അമ്മയ്ക്കു കാണണ്ടേ?
അവരറിയുന്നില്ല
വന്നിരിക്കുമ്പോള്‍
തീന്മേശയില്‍നിന്ന്
താനെ ഒന്നുമുണ്ടാവില്ലെന്ന്.
അടുക്കളജന്മമായി തേഞ്ഞുതീരാനും
ഭാഗ്യം വേണമെന്നു പറഞ്ഞത്
ആരും കാര്യമായെടുത്തില്ല.

കത്തിത്തീരാന്‍ അല്പം മാത്രം ബാക്കിയായ
വിറകുകൊള്ളി.
എന്നിട്ടും ഇപ്പോഴും മോഹിക്കുന്നു:
ഒരിക്കലെങ്കിലും അരങ്ങിലെത്താന്‍.
അടുക്കളയില്ലാത്ത കാലമെത്താന്‍.

Saturday, December 8, 2007

പൂവിന്റെ പകര്‍ന്നാട്ടം

പൂവു ചോദിച്ചു:
ഒരു ദിവസത്തേക്ക് നിനക്കു ഞാനായി മാറാമോ?
പകരം നിന്റെ എല്ലാ ഭാരങ്ങളും ഞാനേറ്റെടുക്കാം.
നീയായി ഞാന്‍ തീരാം.
കേള്‍ക്കാന്‍ കൊതിച്ച ചോദ്യം.
പൂവിനെ പ്രണമിച്ച് ഞാന്‍ ചെടിയിലേക്കു സംഭവിച്ചു.
ഒരു കൈമാറ്റം
ജീവിതത്തിന്റെ ഒരു പകര്‍ന്നാട്ടം.
പൂവായി മാറിയ അനുഭൂതി നുകര്‍ന്നുകൊണ്ടിരിക്കെ
പരുപരുത്ത രണ്ടു വിരലുകള്‍
എന്നെ അടര്‍ത്തിയെടുത്ത്
വാസനിച്ചു.
മൂന്നുവട്ടം മണത്തു.
പിന്നെ വലിച്ചെറിഞ്ഞു.
മുള്ളുകള്‍ക്കിടയില്‍ കുടുങ്ങിയ എന്നെ നോക്കി
ഞാനായി മാറിയ പൂവു പറഞ്ഞു:
ഒരു നിമിഷംകൊണ്ട് എല്ലാം മാറിമറിഞ്ഞല്ലോ കൂട്ടുകാരീ
ഇനിമുതല്‍ നീയായി ഞാനും
ഇല്ലാത്ത ഞാനായി നീയും.
പൂവിന്റെയും പെണ്ണിന്റെയും നിയോഗമാണിത്.
മണ്ണടിഞ്ഞാലും നിന്റെ ഗന്ധം
എന്നെന്നും ഭൂമിയില്‍ നിലനില്‍ക്കും.
വരും ജന്മത്തില്‍ നമുക്ക്
വീണ്ടും ജീവിതം വെച്ചുമാറാം.
അതുവഴി കടന്നുപോയ ഒരു കാറ്റ്
എന്നെ മുള്ളുകള്‍ക്കിടയില്‍നിന്നും
രക്ഷിച്ച് ഒപ്പം കൊണ്ടുപോയി.
എനിക്കു നിന്നെ വേണം,
ഇനിമുതല്‍ ഞാനുള്ളിടത്തു നീയുമുണ്ട്.
എന്നെപ്പോലെ ആരും കാണാതെ,
എല്ലാവരും അറിഞ്ഞ്.
നിന്റെ ഗന്ധമാണ് നിന്റെ നിധി.
ഞാനത് പ്രപഞ്ചം മുഴുവന്‍ പരത്തും.
നിനക്കെന്നെ വിശ്വസിക്കാം.
കാറ്റിന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടന്ന്
ഞാനോര്‍ത്തു.
-എന്തുകൊണ്ടും നാരീജന്മത്തേക്കാള്‍ ശ്രേഷ്ഠമാണ് പുഷ്പജന്മം.

Thursday, December 6, 2007

സന്ദേശം

ഓരോ നിമിഷവും
നീയാണെന്റെ ഹൃദയത്തില്‍.
എന്റെ സിരകളില്‍
എന്റെ രക്തത്തില്‍
എന്റെ ഉടലിലെ ഓരോ തന്മാത്രയിലും
നീ, നീ മാത്രമാണ്.
അത്രമേല്‍ എനിക്കു നിന്നെ ഇഷ്ടമാണ്.
എന്നെ വെളിപ്പെടുത്താതെതന്നെ
ഞാനാരാണെന്ന് നിനക്കറിയാം.
കാരണം നീയും അത്രയ്ക്കും എന്നെ ഇഷ്ടപ്പെടുന്നു.
തീര്‍ച്ചയായും നിനക്കെന്നെ ഇഷ്ടമാണ്.
ആത്മാവുകൊണ്ട് ഒന്നായവരാണു നമ്മള്‍.
ഇനി ബാഹ്യമായും നമുക്കൊന്നിക്കാം.
എനിക്കുറപ്പുണ്ട് നീയെന്നെ തിരിച്ചറിയുമെന്ന്.
ഹൃദയരക്തത്തില്‍ മുക്കിയെഴുതുന്ന ഈ വരികള്‍
ആരുടേതാണെന്ന് നീ തിരിച്ചറിയുകതന്നെ ചെയ്യും.
എന്നെന്നും നിലനില്‍ക്കുന്ന പ്രേമാസക്തിയോടെ,
നിന്റെ മാത്രം.....................

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.