Monday, December 10, 2007

അടുക്കളജന്മം

അരങ്ങിലെത്താന്‍ മോഹമായിരുന്നു എന്നും.
ഒരിക്കലും അടുക്കള വിട്ടിറങ്ങാന്‍ കഴിഞ്ഞില്ല.
കത്തിയമരുന്ന വിറകുകൊള്ളിയായി
എത്ര തേച്ചാലും വെളുക്കാത്ത കല്‍‌ച്ചട്ടിയായി
അഗ്നിക്കു മുകളിലെ തിളയായി
അടുക്കളയില്‍ തളയ്ക്കപ്പെട്ടു.

വസ്ത്രത്തില്‍ പുരണ്ട കരിയും
മുടിക്കിടയിലെ ചാരവും
ചുവന്നുകലങ്ങിയ കണ്ണുകളും
കത്തിപ്പാടുകള്‍ വീണ ചൂണ്ടുവിരലും
അടയാളമായി.
ആ മുദ്രയില്ലെങ്കില്‍
ആരും തിരിച്ചറിയാതെയായി.

ഭര്‍ത്താവ് പരിഹസിച്ചു:
ഇതുപോലൊരടുക്കളവാസി.
മക്കള്‍ ചിരിച്ചു:
അടുക്കളയ്ക്കു പുറത്തെ ലോകം
അമ്മയ്ക്കു കാണണ്ടേ?
അവരറിയുന്നില്ല
വന്നിരിക്കുമ്പോള്‍
തീന്മേശയില്‍നിന്ന്
താനെ ഒന്നുമുണ്ടാവില്ലെന്ന്.
അടുക്കളജന്മമായി തേഞ്ഞുതീരാനും
ഭാഗ്യം വേണമെന്നു പറഞ്ഞത്
ആരും കാര്യമായെടുത്തില്ല.

കത്തിത്തീരാന്‍ അല്പം മാത്രം ബാക്കിയായ
വിറകുകൊള്ളി.
എന്നിട്ടും ഇപ്പോഴും മോഹിക്കുന്നു:
ഒരിക്കലെങ്കിലും അരങ്ങിലെത്താന്‍.
അടുക്കളയില്ലാത്ത കാലമെത്താന്‍.

Saturday, December 8, 2007

പൂവിന്റെ പകര്‍ന്നാട്ടം

പൂവു ചോദിച്ചു:
ഒരു ദിവസത്തേക്ക് നിനക്കു ഞാനായി മാറാമോ?
പകരം നിന്റെ എല്ലാ ഭാരങ്ങളും ഞാനേറ്റെടുക്കാം.
നീയായി ഞാന്‍ തീരാം.
കേള്‍ക്കാന്‍ കൊതിച്ച ചോദ്യം.
പൂവിനെ പ്രണമിച്ച് ഞാന്‍ ചെടിയിലേക്കു സംഭവിച്ചു.
ഒരു കൈമാറ്റം
ജീവിതത്തിന്റെ ഒരു പകര്‍ന്നാട്ടം.
പൂവായി മാറിയ അനുഭൂതി നുകര്‍ന്നുകൊണ്ടിരിക്കെ
പരുപരുത്ത രണ്ടു വിരലുകള്‍
എന്നെ അടര്‍ത്തിയെടുത്ത്
വാസനിച്ചു.
മൂന്നുവട്ടം മണത്തു.
പിന്നെ വലിച്ചെറിഞ്ഞു.
മുള്ളുകള്‍ക്കിടയില്‍ കുടുങ്ങിയ എന്നെ നോക്കി
ഞാനായി മാറിയ പൂവു പറഞ്ഞു:
ഒരു നിമിഷംകൊണ്ട് എല്ലാം മാറിമറിഞ്ഞല്ലോ കൂട്ടുകാരീ
ഇനിമുതല്‍ നീയായി ഞാനും
ഇല്ലാത്ത ഞാനായി നീയും.
പൂവിന്റെയും പെണ്ണിന്റെയും നിയോഗമാണിത്.
മണ്ണടിഞ്ഞാലും നിന്റെ ഗന്ധം
എന്നെന്നും ഭൂമിയില്‍ നിലനില്‍ക്കും.
വരും ജന്മത്തില്‍ നമുക്ക്
വീണ്ടും ജീവിതം വെച്ചുമാറാം.
അതുവഴി കടന്നുപോയ ഒരു കാറ്റ്
എന്നെ മുള്ളുകള്‍ക്കിടയില്‍നിന്നും
രക്ഷിച്ച് ഒപ്പം കൊണ്ടുപോയി.
എനിക്കു നിന്നെ വേണം,
ഇനിമുതല്‍ ഞാനുള്ളിടത്തു നീയുമുണ്ട്.
എന്നെപ്പോലെ ആരും കാണാതെ,
എല്ലാവരും അറിഞ്ഞ്.
നിന്റെ ഗന്ധമാണ് നിന്റെ നിധി.
ഞാനത് പ്രപഞ്ചം മുഴുവന്‍ പരത്തും.
നിനക്കെന്നെ വിശ്വസിക്കാം.
കാറ്റിന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടന്ന്
ഞാനോര്‍ത്തു.
-എന്തുകൊണ്ടും നാരീജന്മത്തേക്കാള്‍ ശ്രേഷ്ഠമാണ് പുഷ്പജന്മം.

Thursday, December 6, 2007

സന്ദേശം

ഓരോ നിമിഷവും
നീയാണെന്റെ ഹൃദയത്തില്‍.
എന്റെ സിരകളില്‍
എന്റെ രക്തത്തില്‍
എന്റെ ഉടലിലെ ഓരോ തന്മാത്രയിലും
നീ, നീ മാത്രമാണ്.
അത്രമേല്‍ എനിക്കു നിന്നെ ഇഷ്ടമാണ്.
എന്നെ വെളിപ്പെടുത്താതെതന്നെ
ഞാനാരാണെന്ന് നിനക്കറിയാം.
കാരണം നീയും അത്രയ്ക്കും എന്നെ ഇഷ്ടപ്പെടുന്നു.
തീര്‍ച്ചയായും നിനക്കെന്നെ ഇഷ്ടമാണ്.
ആത്മാവുകൊണ്ട് ഒന്നായവരാണു നമ്മള്‍.
ഇനി ബാഹ്യമായും നമുക്കൊന്നിക്കാം.
എനിക്കുറപ്പുണ്ട് നീയെന്നെ തിരിച്ചറിയുമെന്ന്.
ഹൃദയരക്തത്തില്‍ മുക്കിയെഴുതുന്ന ഈ വരികള്‍
ആരുടേതാണെന്ന് നീ തിരിച്ചറിയുകതന്നെ ചെയ്യും.
എന്നെന്നും നിലനില്‍ക്കുന്ന പ്രേമാസക്തിയോടെ,
നിന്റെ മാത്രം.....................

Wednesday, November 28, 2007

പ്രണയമില്ലാത്തവന്‍

പറയൂ
ഏതേത് വരികള്‍ക്കിടയിലാണ്
നീ പ്രണയം ഒളിച്ചുവെച്ചിട്ടുള്ളത്?
വാക്കുകളിലോ
വരികളിലോ
വരികള്‍ക്കിടയിലെ മൌനത്തിലോ?
എത്ര തിരഞ്ഞിട്ടും കണ്ടില്ല.
പ്രണയമൊഴിഞ്ഞ വാക്കും
കനലൊഴിഞ്ഞ നെരിപ്പോടും ഒരുപോലെ.
നിന്റെ നോക്കിലും വാക്കിലും
ഞാനതു കണ്ടില്ല.
പിന്നെവിടെ
ആര്‍ക്കുവേണ്ടി നീയതൊളിപ്പിച്ചു?
കാണാത്തതും അറിയാത്തതും
ദൈവമാണ്.
പക്ഷെ ദൈവത്തിനു പ്രണയമുണ്ട്.
പ്രണയപ്പാലു ചുരത്താന്‍ കഴിയാത്ത
നിന്റെ പ്രേമം
മരുഭൂമിയിലെ തരിശുനിലം പോലെ പാഴ്.

Tuesday, November 27, 2007

പെണ്ണ്

തീ തിന്ന യുവതി
കണ്ണീരു കുടിച്ചു മരിച്ചു.
അവളെ ഒരുവന്‍
സ്നേഹിച്ചുകൊന്നതാണെന്ന് ജനസംസാരം.
അതല്ല,
ഉപ്പുതിന്നിട്ട് വെള്ളം കിട്ടാതെ
കണ്ണീരു കുടിച്ചതാണെന്ന് മറുമൊഴി.
അതുമല്ല,
തീയില്‍ കുരുത്തവളായതുകൊണ്ടാണ്
അവള്‍ തീ തിന്നതെന്ന് മറ്റുചിലര്‍.

വെയിലത്തുവാടിയ പെണ്ണിന്
കണ്ണീരെങ്കിലും കുടിക്കാന്‍ വേണ്ടേ?
കണ്ണീരിലും വിഷം കലര്‍ന്നത്
അവളറിയാതെ പോയി.
മൃതദേഹം പരിശോധിച്ച
ഡോക്ടര്‍ പറഞ്ഞു:
മരിക്കുന്നതിനു മുമ്പും
അവളുടെ കണ്ണില്‍ ചോരയില്ലായിരുന്നു.

പൊങ്കാല

മൂന്നു ചെങ്കല്ലുകൊണ്ട്
ഒരടുപ്പ്.
അടുപ്പില്‍ തിളയ്ക്കുന്നത്
പായസമോ
എന്റെ കുഞ്ഞുങ്ങളുടെ പ്രതീക്ഷകളോ?

മക്കളേ,
എനിക്കായ് നിങ്ങള്‍ വ്രതം നോക്കരുത്
ഉപവസിക്കരുത്
വഴിയോരങ്ങളിലിരുന്ന്
പായസം വെയ്ക്കരുത്
ശരീരത്തെ പീഡിപ്പിക്കരുത്.

വഴിപാടു വേണ്ട
കാണിക്ക വേണ്ട
പകരം തരാന്‍ ഒന്നുമില്ലാത്ത
നിസ്സഹായയാണ് ഞാനിപ്പോള്‍.

എന്നെ നിങ്ങള്‍ തടവിലിട്ടു പൂജിച്ചാല്‍,
ഒന്നും ചെയ്യാനനുവദിക്കാതെ കെട്ടിയിട്ടാല്‍,
ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നതെങ്ങനെ?

ആദ്യം എന്നെ സ്വതന്ത്രയാക്കൂ.
ശേഷം
മാനസപുഷ്പംകൊണ്ടൊരര്‍ച്ചന.
അതുമാത്രം മതിയെനിക്ക്.

Monday, November 26, 2007

വിശുദ്ധപ്പൂട്ട്

എന്റെ മനസ്സില്‍നിന്നും
ഒരിക്കലും ഇറങ്ങിപ്പോകാന്‍
നിനക്കാവില്ല.
ഞാന്‍ നിന്നെ എന്റെ മനസ്സിന്റെ അറയില്‍
ഭദ്രമായി വിശുദ്ധമായി ബന്ധനസ്ഥനാക്കിയിരിക്കുകയാണ്.

Monday, November 19, 2007

ഗൌരീസങ്കടം

തിരുമുടിയിലതിസുന്ദരികുടികൊള്‍വതുകൊണ്ടോ
തിരുനെറ്റിയിലമരുന്നൊരു മുക്കണ്ണിന്‍ഭയമോ
ഹാരമായ് മരുവുന്നൊരു നാഗത്തിനെയോര്‍ത്തോ
എന്തുകൊണ്ടെന്തുകൊണ്ടെന്നെ നോക്കാത്തൂ.

Sunday, November 18, 2007

യാത്രാമൊഴി

ജീവിക്കാന്‍ അയോഗ്യരെന്ന് തിരിച്ചറിയുന്നവര്‍ ചെയ്യേണ്ടത് എത്രയും വേഗം പിന്‍‌വാങ്ങുക എന്നതാണ്.ജീവിച്ചിരിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലാത്തപ്പോള്‍ പ്രത്യേകിച്ചും.

പരീക്ഷണാടിസ്ഥാനത്തില്‍ ജീവിച്ചുനോക്കിയ കാലമത്രയും വിശേഷിച്ചൊന്നും സംഭവിച്ചില്ല,പരാജയങ്ങളൊഴികെ.നാനാവഴിയും പരാജയങ്ങള്‍ മാത്രം വന്നു പൊതിയുമ്പോള്‍ പ്രതീക്ഷകള്‍ പിറവിയിലേ നുള്ളി മാറ്റപ്പെടുമ്പോള്‍
കറുപ്പു മാത്രം വന്നു നിറയുമ്പോള്‍
ഒരുനാള്‍ തിരിച്ചറിവുണ്ടാകുന്നു.
-ഞാന്‍ അയോഗ്യ.
ഇനി പരീക്ഷണം വയ്യ.

വിടമൊഴി കുറിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ ഞാന്‍ വിശ്വസിക്കുന്നു,സൌഹൃദം മരണത്തില്‍ അവസാനിക്കില്ലെന്ന്.
ഞാന്‍ ഇനിയും വരും.നിങ്ങളുടെ മുമ്പില്‍ അശരീരയായി,വാക്കുകളില്ലാത്തവളായി ഇനി എന്നും.
അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ തിരിച്ചറിയാനാകുമോ?

Saturday, November 17, 2007

കപ്പിത്താന്റെ ജഡം

വെയിലുകൊണ്ടു മരിച്ച
കപ്പിത്താന്റെ ജഡം
മഴയില്‍ കുതിര്‍ന്നുപോയി.

മണ്ണില്‍ ലയിച്ച് മണ്ണായപ്പോള്‍
അവകാശികള്‍ തേടിയെത്തി.
മണ്ണുമാന്തി അസ്ഥികള്‍ ചികഞ്ഞെടുത്ത്
നിമജ്ജനതര്‍ക്കം.

ആരെയും ജയിക്കാനനുവദിക്കാതെ
കപ്പിത്താന്റെ അസ്ഥികള്‍
അവരുടെ കൈപ്പിടിയില്‍നിന്നും
കുതിച്ചുയര്‍ന്നുപറന്ന്
ആഴിമധ്യത്തില്‍ പതിച്ചു.

Tuesday, November 13, 2007

അക്ഷരക്കാട്

അക്ഷരക്കാട്ടിലെ
കവിതയെനിക്കു പൂക്കള്‍
കഥയെനിക്കു കനി
കാടെനിക്കൊരു കേളീഗൃഹം.

പച്ചപ്പും തണുപ്പും
കാറ്റും കുളിരും എന്റെ തോഴിമാര്‍
നായാടാന്‍ അക്ഷരങ്ങള്‍ മാത്രമുള്ള
കാടെനിക്കൊരു കേളീഗൃഹം.

അട്ടഹസിക്കുന്നവരും ആജ്ഞാപിക്കുന്നവരും ഇല്ലാത്ത
ഉടയോനും അടിയാനും ഇല്ലാത്ത
കവിതയും കഥയും മാത്രം വിളയുന്ന
കാടെനിക്കൊരു കേളീഗൃഹം.

കാട്ടിലെ പാട്ടിന്നവസാനമില്ല
എന്നാലോ കാടു മൌനസമ്പന്നം
കാട് ധ്യാനനിറവിലെ അനുഭൂതി
സദാ ആനന്ദമൂര്‍ഛയേകുന്ന
കാടെനിക്കൊരു കേളീഗൃഹം.

Monday, November 12, 2007

സമാന്തര സഞ്ചാരം

ഞാന്‍ നിന്നെയും
നീ എന്നെയും
അഗാധമായി സ്നേഹിക്കുന്നുണ്ട്.
പക്ഷെ സാഹചര്യം അതു വെളിപ്പെടുത്താന്‍
നമ്മെ അനുവദിക്കുന്നില്ല.
എന്നിരുന്നാലും
ഞാനെപ്പോഴും നിന്നോടു കൂടെയും
നീ എപ്പോഴും എന്നോടു കൂടെയും
നിലനില്‍ക്കുന്നു.
ആര്‍ക്കും ഒന്നിനും നമ്മെ വേര്‍പെടുത്താനോ
അദൃശ്യമായ നമ്മുടെ ബന്ധത്തിന്റെ
പൊന്‍‌നൂല്‍ മുറിക്കുവാനോ കഴിയുകയില്ല.
നമ്മളിരുവരുടേയും ഹൃദയത്തില്‍ വിടര്‍ന്നു നില്‍ക്കുന്നത്
ഒരേ പുഷ്പമാണ്.
ഒരേ മണമുള്ള ഒരേ നിറമുള്ള പൂവ്.
ഒരിക്കലും കൊഴിയാത്ത വാടാത്ത പൂവ്.
മരണശേഷം നമ്മള്‍ ഒന്നിക്കുമെന്ന്
എനിക്കും നിനക്കും അറിയാം.
ഇനി ഒരു ജന്മമുണ്ടെങ്കില്‍ അത്
നമ്മുടേതുമാത്രമായിരിക്കുമെന്നും
നമുക്കറിയാം.
അനുനിമിഷം ഞാന്‍ നിന്റെ ഹൃദയത്തോടും
നീ എന്റെ ഹൃദയത്തോടും ചേര്‍ന്നുനില്‍ക്കുന്നു.
ഹൃദയതാളം നമുക്ക് പരസ്പരം കേള്‍ക്കാം.
നീ എനിക്കായി മാത്രവും
ഞാന്‍ നിനക്കായി മാത്രവും
സംഭവിച്ചവര്‍.
എങ്കിലും സമാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍.

Sunday, November 11, 2007

ദാ‍ഹം

വരളുന്ന കണ്ഠത്തിലിറ്റുനീര്‍ വീഴ്ത്താന്‍
വരിക നീ
വന്നെന്റെ
ഉള്ളിലെ തീയണച്ചീടുക
തളരുമീയുടലിനെ
താങ്ങി നിര്‍ത്തീടുക
നിന്നോടു ചേര്‍ക്കുക
ചുംബിച്ചു കൊല്ലുക

കണി

എന്നും പുലരിയില്‍ കണ്ടുണരാനൊരു
മാനസരൂപം ഞാന്‍ തീര്‍ത്തു
ആ മുഖദര്‍ശന മാത്രയിലെന്നിലെ
ആലസ്യമെല്ലാമകലും.

അങ്ങനൊരാളെന്നരികിലില്ലെന്നാലും
എന്നുമെന്നുള്ളില്‍ വാഴുന്നൂ
അരുതു നീ പോകരുതെന്നകം വിട്ടു,നീ
അകതാരില്‍ നിത്യവും വാഴൂ.

ഇനി നിന്നെ നേര്‍ക്കുനേര്‍ കണ്ടാലുമെങ്ങനെ
ഞാനാണിതെന്നറിയും നീ
അറിയില്ല നീയെന്നെ ഒരുനാളുമറിയില്ല
ഞാന്‍ നിനക്കെന്നുമൊരന്യ.

ആശിക്കലാകുന്ന അപരാധമൊന്നു ഞാന്‍
ചെയ്തുപോയ്,കുറ്റമേല്‍ക്കുന്നു
ഒഴിവാക്കല്‍‌മുള്ളുകൊണ്ടീയനുരാഗിയെ
ശിക്ഷിക്ക നീ മതിയോളം.

നാട്യം

അറിയുന്നില്ലെന്നുള്ള നാട്യം കളഞ്ഞെന്റെ
അകതാരിലേക്കൊന്നു നോക്കൂ
അവിടെ കെടാവിളക്കായി ജ്വലിക്കുന്ന-
തവിടുന്നു മാത്രമാണല്ലേ..

എത്രനാള്‍ നീ നിന്റെ ജാലകപ്പാളികള്‍
എന്‍ നേര്‍ക്കടച്ചുവെച്ചീടും.
എത്രയായാലും നിനക്കായി മാത്രമാം
ജന്മം എന്റേതു മാത്രം.
ജന്മം എന്റേതു മാത്രം.

Saturday, November 10, 2007

തൊട്ടുണര്‍ത്തുന്നവന്‍

കാണാമറയത്തിരുന്നു നീ എയ്യുന്ന
വശ്യതരംഗമാം അനുരാഗബാണങ്ങളേ-
റ്റു ഞാനാകെ തളരുന്നു കാമുകാ.

മറ നീക്കി ദര്‍ശനം നല്‍കാത്തതെന്തു നീ
ആരെ ഭയപ്പെട്ടൊളിക്കുന്നു നീ
മനസ്സിന്റെ നേരെന്റെ നേര്‍ക്കെറിയുമ്പൊഴും
നീ എനിക്കിന്നുമജ്ഞാതന്‍.

എവിടെയാണെങ്കിലുമാത്മാവു കൊണ്ടൊരാള്‍
എന്നെ അറിയുന്നുവല്ലോ
എത്രയോ കാതമകലെയാണെങ്കിലും
എന്നെ തൊട്ടുണര്‍ത്തുന്നു-എന്നകം
ആകെ വിലസിനില്‍ക്കുന്നൂ.

മനസ്സിത്രമേലടുത്തായതുകൊണ്ടു നീ
ദൂരങ്ങള്‍ക്കപ്പുറമായിരിക്കാം
ആരാകിലെന്തു നീ എന്നുമെന്‍ പ്രാണനില്‍
കത്തിജ്വലിക്കും പ്രണയമല്ലോ.

Friday, November 9, 2007

സന്താനഗോപാലം

അവന്റെ അരക്കെട്ടിനുള്ളില്‍

അത് അപേക്ഷിച്ചു:

എന്നെ ജനിപ്പിക്കരുതേ.

എന്റെ ഗര്‍ഭപാത്രകവാടത്തിനരികിലും

അത് നിലവിളിച്ചപേക്ഷിച്ചു:

അരുതേ,ജന്മം നല്‍കരുതേ.

ഞങ്ങളും തീരുമാനിച്ചു:

-ജന്മം കൊടുക്കരുത്.

കൊല്ലാനാവാത്തവര്‍ ജീവിതം കൊടുക്കരുത്.

എന്നിട്ടും എണ്ണമറ്റ അവയെ

ഞങ്ങള്‍ കൊന്നുകൊണ്ടിരുന്നു.

അങ്ങനെ

പിറക്കാതെപോയ സന്താനങ്ങളുടെ

അനുഗ്രഹം ഞങ്ങള്‍ക്ക് നാള്‍തോറുമേറുന്നു.

ഭൂമിയിലെ മാതാപിതാക്കളോ

പുത്രശാപം ഏറ്റുവാങ്ങി

ദുരന്തജീവിതം ഉന്തിമാറ്റുന്നു.

Wednesday, November 7, 2007

അറിയാത്തവനോട്

മൂന്നക്ഷരം മാത്രമല്ല എനിക്ക് പ്രണയം.

വായു പോലെ

സൂര്യപ്രകാശം പോലെ

സ്വതന്ത്രമാണ് എന്റെ പ്രണയം.

അതിന് കൂടു പണിയരുത്.

പണിഞ്ഞാലും എന്നെ അതിനുള്ളില്‍ തളച്ചിടരുത്.

ഓരോ പ്രണയവും എനിക്ക് ഓരോ മരണമാണ്.

പ്രണയം കൊണ്ട് എന്നെ പുനര്‍ജീവിപ്പിക്കുന്നവരേ

കണക്കുകള്‍ കാണിച്ച് എന്നിലെ ഒന്നിനേയും

ആര്‍ക്കും നേടാനാവില്ല.

ഇത് രക്തം പോലെ സത്യം.

പരമ്പരാഗത പ്രേമം ഉപേക്ഷിച്ചവളാണ് ഞാന്‍.

അതിനാല്‍ എന്റെ പ്രണയം അറിയുവാന്‍

ഞാന്‍ മാത്രം
നീയെന്നോട് ഇനി
ആകാശത്തെക്കുറിച്ചും കടലിനെക്കുറിച്ചും പറയരുത്.
അവ രണ്ടും എന്നില്‍ സ‌മൃദ്ധമാണ്.
ആത്മാവു കാണാത്തവന്റെ പ്രണയം
എനിക്കാവശ്യമില്ല.
അനുഭവിക്കാനാവാത്ത സ്നേഹത്തിന്റെ
അര്‍ത്ഥം നിനക്കറിയുമോ?
ബോദ്ധ്യപ്പെടുത്തലുകള്‍ക്കുള്ളതല്ല
എന്റെ പ്രേമം
പൂക്കളും കിളികളും സ്വപ്നങ്ങളും കടന്നുവരാത്ത
യഥാര്‍ത്ഥ ജീവിതത്തിന്റെ
തീക്ഷ്ണ സ്പന്ദനമാണ് എന്റെ പ്രണയം.
ഇനി പറയൂ
എന്റെ പ്രണയം ഏറ്റുവാങ്ങുവാന്‍
നീ ഒരുക്കമോ?

Tuesday, November 6, 2007

ശവം

നേത്രരോഗമുണ്ടയിട്ടല്ല

എനിക്കു വെളിച്ചം നിഷേധിക്കപ്പെട്ടത്.

പ്രമേഹമില്ലാതിരുന്നിട്ടും

മധുരം ഒരു കൊതിക്കിനാവുമാത്രമാക്കി.

മക്കള്‍ നിഷേധിക്കപ്പെട്ടത്

മച്ചിയായിട്ടുമല്ല.

ആഹാര സദാചാര നിഷ്ഠകള്‍ പാലിക്കാഞ്ഞിട്ടല്ല

ശരീരത്തെ നശിപ്പിച്ചത്.

മനസിനെ തവിടുപൊടിയാക്കിയവര്‍ക്ക്

വേണമെങ്കില്‍ എന്റെ ശവമുഖത്ത്

കാറിത്തുപ്പുകയുമാവാം.

ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം

ഒരാള്‍ ശവമല്ലാതാകില്ലല്ലോ.

പ്രാധാന്യം

യാതൊന്നിന് പ്രാധാന്യം കൊടുത്താല്‍ മറ്റെല്ലാം അപ്രധാനമാകുന്നുവോ,അതിനെ അറിയാത്തതുകൊണ്ടാണ് മറ്റെല്ലാം പ്രധാനമായി തോന്നുന്നത്.

Monday, November 5, 2007

സന്യാസിനി

കാലമറിയാതടര്‍ന്നു വീണൊരു കണ്ണുനീര്‍ത്തുള്ളി
യാത്രയാവുകയായ്,എങ്ങോ യാത്രയാവുകയായ്.
(സന്യാസം സ്വീകരിച്ച് എന്നില്‍നിന്നും അകന്നുപോയ കൂട്ടുകാരിയെ ഓര്‍മിച്ചപ്പോള്‍ തോന്നിയത്)

മധുരം

ചിലര്‍ പറയുന്നു
കരിമ്പിന്‍ തുണ്ടിന്റെ മധുരമാണെനിക്കെന്ന്.
ചിലര്‍ എനിക്ക്
കല്‍‌ക്കണ്ട മധുരമെന്ന്.
പഞ്ചസാര തോറ്റുപോകുമെന്ന്
മറ്റു ചിലര്‍.
പിന്നെയും ഉപമകള്‍ ധാരാളം.
പക്ഷെ-
ഞാനിതുവരെ മധുരമറിഞ്ഞിട്ടില്ല.
കയ്പു മാത്രമറിയുന്ന
മധുരമാണോ ഞാന്‍?
മധുരം അതു രുചിക്കുന്നവന്റെ
നാവിനല്ലേ അറിയൂ.
മധുരത്തിന് മധുരമറിയില്ലല്ലോ.

Saturday, November 3, 2007

നഗ്ന

അവള്‍ നഗ്നയായി
പ്രകൃതിയിലേക്കിറങ്ങി.
എന്നിട്ടും
അവളുടെ നഗ്നത
ആരും കണ്ടില്ല.
ഒടുവില്‍ അവള്‍ നെഞ്ചുപൊളിച്ച്
ഹൃദയം പുറത്തെടുത്ത്
തട്ടിക്കളിച്ചുകൊണ്ട്
ലോകത്തിന്റെ നെഞ്ചിലൂടെ നടന്നു.

തിരസ്ക്കാരം

കവിതകള്‍ കൊണ്ട്
നിനക്കായി ഞാനൊരു പൂക്കാലമൊരുക്കി.
അലസമായ നോട്ടമെറിഞ്ഞ്
നീ കടന്നുപോയി.
കഥകള്‍കൊണ്ട് ഒരത്താഴവിരുന്നൊരുക്കി
നിനക്കായ് ഞാന്‍ കാത്തിരുന്നു.
അവഗണനയുടെ കരിമുള്ളെറിഞ്ഞ്
നീ പറഞ്ഞു:
കഥയോ കവിതയോ അല്ല
ജീവിതമാണ് എനിക്കു വേണ്ടത്.

Friday, November 2, 2007

സമര്‍പ്പണം

പൂക്കള്‍ നിനക്കിഷ്ടമാണെന്നറിഞ്ഞെന്റെ-
തോട്ടം നിനക്കായ് സമര്‍പ്പിച്ചവള്‍ ഞാന്‍.

ജന്മം

വേനലില്‍ വിരല്‍ തൊട്ടു ചന്ദനം ചാലിക്കുമ്പോള്‍
വേദനയലിഞ്ഞലിഞ്ഞില്ലാതെയായീടുന്നു.
മഴനാരുകള്‍ നീളേ വന്നു കുടയായ് പൊതിയുമ്പോള്‍
മണ്ണിന്‍ മാറിലൊരു കല്ലായ് പതിക്കുന്നേന്‍.
പൊള്ളുന്ന കാറ്റിന്‍ കൈകള്‍ വരിഞ്ഞുമുറുക്കുമ്പോള്‍
പൊള്ളയായഴിയുന്നൂ മനസ്സിന്‍ മുഖപടം.
കാറ്റത്തുചാഞ്ചാടുന്ന മാമരച്ചില്ലപോലെ
കാണാത്ത മനസ്സിന്‍ തേങ്ങല്‍ മര്‍മ്മരം പൊഴിക്കുന്നു.
ആര്‍ദ്രമാം പ്രേമത്തിന്റെയൊരു മധുരകണികയ്കായ്
ആരെയോ വീണ്ടും വീണ്ടും കാത്തുകാത്തിരിക്കുന്നേന്‍.
വന്നാല്‍, വന്നെന്‍ ഹൃദയവാതിലില്‍ ചേര്‍ന്നുനിന്നാല്‍
വറ്റാത്ത പ്രേമക്കിണര്‍ നിനക്കായ് തന്നീടാം ഞാന്‍.
ആശിച്ച വേഷമാടാനരുതാതലയുമ്പോള്‍
ആദ്യമായ് വീണ്ടും ജന്മം മോഹിച്ചുപോകുന്നൂഞാന്‍.

മുഖങ്ങള്‍

അവന്‍ എന്റെ മുമ്പില്‍ ഒരു ക്ഷണികസാന്നിദ്ധ്യം.
കണ്ണെടുക്കാതിരിക്കെ
അവന് മുഖങ്ങള്‍ പലതാണ്.
നേര്‍ദൃശ്യത്തില്‍ സുമുഖന്‍
പാര്‍ശ്വവീക്ഷണത്തില്‍ ‍ ഉപനായകന്‍
പിന്‍ ദൃശ്യത്തില്‍ വില്ലന്‍
ഉള്‍ക്കാഴ്ചയില്‍ അവനൊരു അധോലോകം
കണ്ണടച്ചു തുറക്കെ
അവന്‍ മറ്റൊരാളാ‍കുന്നു.
എങ്കിലും ആവര്‍ത്തനത്തിന്റെ ക്ഷണികസാന്നിദ്ധ്യം.

ഉറക്കത്തിന്റെ കിനാവ്

വൃശ്ചികമഞ്ഞില്‍
പ്രഭാതവെയില്‍ കാഞ്ഞ്
മുറ്റത്തിരുന്നു കിനാവു കാണുകയാണ് ഉറക്കം.
വെയില്‍ പുതപ്പ് ഒരു കരിമേഘം‍
വലിച്ചു മാറ്റിയപ്പോള്‍
ഉറക്കം ഞെട്ടിയുണര്‍ന്നു.
പക്ഷെ മരവിച്ചു പോയിരുന്നു.

നാലു കുറിപ്പുകള്‍

തെളിഞ്ഞ പകലില്‍
ആകാശം മറക്കുന്നു.
കറുത്ത രാത്രിയില്‍
ആകാശം തേടുന്നു.
***
പൂക്കള്‍ എനിക്കായി മാത്രം
മണം ചുരത്തിയിരുന്നുവെന്നറിഞ്ഞത്
അവ വാടി വീണപ്പോഴാണ്.
***
സ്വര്‍ഗത്തില്‍ കഴിയുന്നവന്
ഭൂമിജീവികളോട് പുഛം.
എന്നിട്ടും ഭൂലോകവാസികള്‍
ഉയരത്തിലുള്ളവരെ സ്തുതിക്കുന്നു.
***
എന്നെതൊടുന്നതും കൂടെ കിടന്നതും കാറ്റ്.
ഊതിയുണര്‍ത്തി വിയര്‍പ്പില്‍ കുളിപ്പിച്ച്
ഊതിയണച്ചുപറന്നതും കാറ്റ്.
കൂടെ കിടന്നവനപ്പോള്‍ പറയുന്നു:കാറ്റുപോയ്.........
***

Thursday, November 1, 2007

നൈവേദ്യം

ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്.
കുരുതിക്കളത്തില്‍ പിടയ്ക്കുന്ന ജീവന്റെയുതിരത്തിമിര്‍പ്പ്.
കാണാത്ത സത്യങ്ങളറിയാതെ ചൊല്ലുന്ന
പഴ്വാക്കിലൂടെ പൊടിക്കുന്ന രക്തകണമുറയുന്ന കരളാണിത്.
നൈവേദ്യമായീക്കരളുവാങ്ങൂ.
കാവിലെ ചെത്തിതന്‍ ചെഞ്ചോരനിറമീക്കരളിതില്‍ കണ്ടുവോ നിങ്ങള്‍?
നിങ്ങള്‍ ചിരിക്കുവിന്‍ കൂട്ടുകാരേ
ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്.
നാരല്ല ചെഞ്ചോരപ്പൂവുമല്ല
കരളാണു കരളെന്നറിഞ്ഞുകൊള്ളൂ.
ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്.

നിലവിളക്ക്

എന്റെ പൂജാമുറിയില്‍
ഏഴുതിരിയിട്ട നിലവിളക്ക് ഒരിക്കലുണ്ടായിരുന്നു.
ദീപനാളശോഭയില്‍
ഈശ്വരന്മാര്‍ക്ക് മന്ദഹസിക്കുന്ന മുഖമായിരുന്നു.
ശാന്തി സമ്മാനിക്കുന്ന ദൈവമുഖങ്ങള്‍.
പിന്നീട് തിരികള്‍ ഓരോന്നായി കെട്ട്
ഒരു കരിന്തിരിമാത്രം ശേഷിച്ചു.
എണ്ണയൊഴിക്കാനോ തിരി നീട്ടാനോ
ഒരു കൈ പോലും ഉണ്ടായില്ല.
പൂജാമുറിയില്‍ ഇരുട്ടു വളര്‍ന്നു കുടിപാര്‍ത്തു.
ഇപ്പോള്‍ ദൈവങ്ങള്‍ക്ക് കരുവാളിച്ച മുഖം.
അവരുടെ പൈശാചിക അട്ടഹാസങ്ങള്‍.
മുമ്പോട്ടുള്ള പാത ഇരുട്ടിലാണ്ടുപോയി.
എങ്ങോട്ടു തിരിയണമെന്നറിയാതെ നില്‍ക്കുന്ന എന്റെ നിലവിളക്കില്‍
ഒരു തിരിയെങ്കിലും കൊളുത്തിത്തരാന്‍
ആരും വരില്ലേ?

Wednesday, October 31, 2007

ഏകാകിനി

എല്ലാവരും എന്നെ വിട്ടകലുകയാണ്.
ഞാനടുക്കാന്‍ ശ്രമിക്കുന്തോറും അവരെല്ലാം
എന്നില്‍നിന്നോടിയകലുന്നു.
പ്രിയപ്പെട്ടവരേ,എനിക്ക് ഒന്നും വേണ്ട,
നിങ്ങളുടെ സ്നേഹം പോലും.
പക്ഷെ സ്നേഹിക്കാന്‍ എന്നെ അനുവദിക്കൂ.
ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.
എനിക്കൊന്നും വേണ്ട.
എന്നിട്ടും ഞാന്‍ നിങ്ങളുടെ ശത്രുവാകുന്നതെന്തുകൊണ്ട്?
വേനല്‍ വിഴുങ്ങിയ എന്റെ ശരീരത്തില്‍ തൊട്ടാല്‍
നിങ്ങള്‍ക്കു പൊള്ളും.
തൊടരുതെന്നെ.
സൌഹൃദത്തിന്റെ തീനാമ്പുകണ്ടു ഭ്രമിച്ചുപോയ ഈയലാണു ഞാന്‍.
എരിഞ്ഞടങ്ങിയിട്ടും നിങ്ങളെന്നെ വെറുക്കുന്നതെന്തിന്?
അതിരുകളില്ലാത്ത ആകാശമാണ് എനിക്ക് സൌഹൃദം.
അതിരുകള്‍ എനിക്ക് അരുതുകളാണ്.
സ്നേഹസൌഹൃദങ്ങള്‍ വിളമ്പുന്നവര്‍ക്ക്
പകരം കൊടുക്കാന്‍ തെറ്റിദ്ധരിക്കപ്പെട്ട എന്റെ സ്നേഹം മാത്രം.
ഞാന്‍ ഉടവാള്‍ പേറുന്ന ഉറയാണ്.
വാള്‍ത്തലകൊണ്ട് ഉള്ളുമുറിഞ്ഞവള്‍.
ഉള്ളില്‍ കിനിയുന്ന രക്തം കാണാന്‍ നിങ്ങള്‍ക്കാവില്ല.
ഞാനെന്ന വേഴാമ്പലിനുവേണ്ടി
ഒരിക്കലും സ്നേഹമഴ പെയ്യില്ല.
എങ്കിലും,എങ്കിലും,ഞാന്‍ പ്രതീക്ഷിക്കുന്നു.
അല്ലെങ്കില്‍ എന്നെ കൊല്ലൂ.
ഒരുതുള്ളി സയനയിഡെങ്കിലും എന്റെ നവിലിറ്റിച്ചു തരാന്‍
ദയ കാണിക്കൂ.

Tuesday, October 23, 2007

കടലോളം സ്നേഹം

ഭ്രാന്തമായ സ്നേഹമാണ് എനിക്കു വേണ്ടത്.
നിയതമായ ചട്ടക്കൂടിലൊതുങ്ങാത്ത
വേലിക്കെട്ടുകളില്ലാത്ത
അരുതുകളില്ലാത്ത
ഭ്രാന്തമായ സ്നേഹം.
സമ്പൂര്‍ണ സമര്‍പ്പണം.
പത്രത്തോടെയുള്ള നൈവേദ്യം.
അലരിയും ചുഴിയും കാറ്റും കോളും തിരകളും
മദിച്ചു മറിയുന്ന
ഒരു ഭ്രാന്തന്‍ കടലുപോലെ
എനിക്ക് സ്നേഹം തരാന്‍ ആരുണ്ട്‌?

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.