Saturday, December 8, 2007

പൂവിന്റെ പകര്‍ന്നാട്ടം

പൂവു ചോദിച്ചു:
ഒരു ദിവസത്തേക്ക് നിനക്കു ഞാനായി മാറാമോ?
പകരം നിന്റെ എല്ലാ ഭാരങ്ങളും ഞാനേറ്റെടുക്കാം.
നീയായി ഞാന്‍ തീരാം.
കേള്‍ക്കാന്‍ കൊതിച്ച ചോദ്യം.
പൂവിനെ പ്രണമിച്ച് ഞാന്‍ ചെടിയിലേക്കു സംഭവിച്ചു.
ഒരു കൈമാറ്റം
ജീവിതത്തിന്റെ ഒരു പകര്‍ന്നാട്ടം.
പൂവായി മാറിയ അനുഭൂതി നുകര്‍ന്നുകൊണ്ടിരിക്കെ
പരുപരുത്ത രണ്ടു വിരലുകള്‍
എന്നെ അടര്‍ത്തിയെടുത്ത്
വാസനിച്ചു.
മൂന്നുവട്ടം മണത്തു.
പിന്നെ വലിച്ചെറിഞ്ഞു.
മുള്ളുകള്‍ക്കിടയില്‍ കുടുങ്ങിയ എന്നെ നോക്കി
ഞാനായി മാറിയ പൂവു പറഞ്ഞു:
ഒരു നിമിഷംകൊണ്ട് എല്ലാം മാറിമറിഞ്ഞല്ലോ കൂട്ടുകാരീ
ഇനിമുതല്‍ നീയായി ഞാനും
ഇല്ലാത്ത ഞാനായി നീയും.
പൂവിന്റെയും പെണ്ണിന്റെയും നിയോഗമാണിത്.
മണ്ണടിഞ്ഞാലും നിന്റെ ഗന്ധം
എന്നെന്നും ഭൂമിയില്‍ നിലനില്‍ക്കും.
വരും ജന്മത്തില്‍ നമുക്ക്
വീണ്ടും ജീവിതം വെച്ചുമാറാം.
അതുവഴി കടന്നുപോയ ഒരു കാറ്റ്
എന്നെ മുള്ളുകള്‍ക്കിടയില്‍നിന്നും
രക്ഷിച്ച് ഒപ്പം കൊണ്ടുപോയി.
എനിക്കു നിന്നെ വേണം,
ഇനിമുതല്‍ ഞാനുള്ളിടത്തു നീയുമുണ്ട്.
എന്നെപ്പോലെ ആരും കാണാതെ,
എല്ലാവരും അറിഞ്ഞ്.
നിന്റെ ഗന്ധമാണ് നിന്റെ നിധി.
ഞാനത് പ്രപഞ്ചം മുഴുവന്‍ പരത്തും.
നിനക്കെന്നെ വിശ്വസിക്കാം.
കാറ്റിന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടന്ന്
ഞാനോര്‍ത്തു.
-എന്തുകൊണ്ടും നാരീജന്മത്തേക്കാള്‍ ശ്രേഷ്ഠമാണ് പുഷ്പജന്മം.

7 comments:

Anonymous said...

ഒരു കാറ്റു വന്നെത്തി
കണ്ടെത്തുകില്‍,
ചാരെത്തെടുത്ത്
പോവുകില്‍,
പരന്നിടാം ഗന്ധം
പ്രപന്ചമാകേ,
ഇല്ലായ്‌കിലൊടുങ്ങാം
മുള്‍മുനയിലുടക്കി.
ഭേദമിതേതെന്നൊത്തുനോക്കുകില്‍
ചൊല്ലുവതെങ്ങിനെ
പൂവതു മെച്ചം?
ജന്മ മതൊന്നതു
തന്നതു ജഗതീശ്വരന്‍
നാരി ജന്മമതു
പുണ്യമെന്നറിയുക.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. ചിന്തകള്‍ക്ക് ഒരു പുതുമയുണ്ടല്ലോ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice

Sandeep PM said...

സ്ത്രീയെ പൂവിനൊട്‌ ഉപമിക്കുന്നത്‌ നന്ന്...അത്‌ സത്യം തന്നെ.
പക്ഷെ അത്‌ അവളുടെ ബലഹീനതകളെ കേന്ദ്രീകരിച്ച്‌ ആകരുത്‌.
വരികള്‍ നന്നായിരിക്കുന്നു. ഇനിയും എഴുതുക.

രാജന്‍ വെങ്ങര said...

ഒരു കാറ്റു വന്നെത്തി
കണ്ടെത്തുകില്‍,
ചാരെത്തെടുത്ത്പോവുകില്‍,
പരന്നിടാം ഗന്ധംപ്രപന്ചമാകേ,
ഇല്ലായ്‌കിലൊടുങ്ങാം
മുള്‍മുനയിലുടക്കി.
ഭേദമിതേതെന്നൊത്തുനോക്കുകില്‍
‍ചൊല്ലുവതെങ്ങിനെ
പൂവതു മെച്ചം?
ജന്മ മതൊന്നതു
തന്നതു ജഗതീശ്വരന്‍
‍നാരി ജന്മമതു
പുണ്യമെന്നറിയുക.
****************
അജ്ഞാതനല്ല ഞാന്‍,
അറിയാതെയാ വട്ടപൊട്ടിലൊ
ന്നൊട്ടി പോയതെന്‍
കൈ കുഞ്ഞെലി-
യെന്നെയിന്നജ്ഞാതനാക്കി!
പേരുണ്ടു,പേരിനൊത്ത
ഉയരവും
വായിച്ചറിയാം
എന്നെ യെന്‍ ബ്ലോഗില്‍,
എന്‍ പേരു
രാജന്‍ വെങ്ങര.
*********
നേരത്തെ ഇട്ട പോസ്റ്റില്‍ എന്റെ പേരിനു പകരം, "Anonymous said "എന്നു കണ്ടപ്പോള്‍
സ്വന്തം പേരു വച്ചു,
വീണ്ടും
ആ പോസ്റ്റ് ഒന്നു കൂടി ഇടുകയാനു.
അസ്വാരസ്യമായെങ്കില്‍ ക്ഷമിക്കുക

Teena C George said...

പൂവും പൂമണവും കാറ്റും...
ഒരുപാടിഷ്ട്മായി...
ഒരു ചിത്രശലഭം കൂടി ഉണ്ടായിരുന്നെങ്കില്‍...

പൂവക്കുന്നന്‍ said...

കൊള്ളാം നല്ല എഴുത്ത് ...സ്ത്രീ ദൈന്യതയുടെ അല്ല ധൈര്യത്തിന്റെ പ്രതീകം എന്നുകൂടി അറിയാന്‍ ...

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.