Wednesday, November 7, 2007

അറിയാത്തവനോട്

മൂന്നക്ഷരം മാത്രമല്ല എനിക്ക് പ്രണയം.

വായു പോലെ

സൂര്യപ്രകാശം പോലെ

സ്വതന്ത്രമാണ് എന്റെ പ്രണയം.

അതിന് കൂടു പണിയരുത്.

പണിഞ്ഞാലും എന്നെ അതിനുള്ളില്‍ തളച്ചിടരുത്.

ഓരോ പ്രണയവും എനിക്ക് ഓരോ മരണമാണ്.

പ്രണയം കൊണ്ട് എന്നെ പുനര്‍ജീവിപ്പിക്കുന്നവരേ

കണക്കുകള്‍ കാണിച്ച് എന്നിലെ ഒന്നിനേയും

ആര്‍ക്കും നേടാനാവില്ല.

ഇത് രക്തം പോലെ സത്യം.

പരമ്പരാഗത പ്രേമം ഉപേക്ഷിച്ചവളാണ് ഞാന്‍.

അതിനാല്‍ എന്റെ പ്രണയം അറിയുവാന്‍

ഞാന്‍ മാത്രം
നീയെന്നോട് ഇനി
ആകാശത്തെക്കുറിച്ചും കടലിനെക്കുറിച്ചും പറയരുത്.
അവ രണ്ടും എന്നില്‍ സ‌മൃദ്ധമാണ്.
ആത്മാവു കാണാത്തവന്റെ പ്രണയം
എനിക്കാവശ്യമില്ല.
അനുഭവിക്കാനാവാത്ത സ്നേഹത്തിന്റെ
അര്‍ത്ഥം നിനക്കറിയുമോ?
ബോദ്ധ്യപ്പെടുത്തലുകള്‍ക്കുള്ളതല്ല
എന്റെ പ്രേമം
പൂക്കളും കിളികളും സ്വപ്നങ്ങളും കടന്നുവരാത്ത
യഥാര്‍ത്ഥ ജീവിതത്തിന്റെ
തീക്ഷ്ണ സ്പന്ദനമാണ് എന്റെ പ്രണയം.
ഇനി പറയൂ
എന്റെ പ്രണയം ഏറ്റുവാങ്ങുവാന്‍
നീ ഒരുക്കമോ?

5 comments:

സിനി said...

പ്രണയം..
ഇനിയും നിര്‍വചിച്ചു തീരാത്ത,
എത്ര വര്‍ണ്ണിച്ചാലും മതിയാകാത്ത
മൂന്നക്ഷരം.

പ്രണയത്തിന്റെ നിറമെന്ത്..?
രൂപമെന്ത്..?പൊരുളെന്ത്..?

അന്വേഷിച്ചിറങ്ങിയവര്‍ക്കൊന്നും
തൃപ്തികരമായ ഉത്തരം കിട്ടിയതായി
ചരിത്രമില്ല.

കവിത ഇഷ്ടമായി.
നന്നായിരികുന്നെന്ന് പറയാതെ വയ്യ.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍..

ഗിരീഷ്‌ എ എസ്‌ said...

ഈ മനോഹരചിന്തകള്‍ക്ക്‌ മുന്നില്‍ ദ്രൗപദി നമിക്കുന്നു...

ഓരോ പ്രണയവും എനിക്ക്‌ ഓരോ മരണമാണ്‌......
ഈ വരികള്‍ക്കടിയില്‍ ആത്മാര്‍ത്ഥമായൊരു കയ്യൊപ്പിടുന്നു...

ചില വരികളോട്‌ സ്വാഭാവികമായി തോന്നുന്ന ചില വിയോജിപ്പുകളുണ്ട്‌...അത്‌ എഴുത്തുകാരിയുടെ ചിന്തകളെ വിഘ്നപ്പെടുത്താനല്ല...മറിച്ച്‌ ഞാനറിയുന്ന പ്രണയത്തിന്റെ നിശബ്ദതയെ ഊട്ടിയുറപ്പിക്കുവാനാണ്‌...

സങ്കല്‍പത്തിലെ ഒരാള്‍ക്കുള്ള കുറിപ്പായി തോന്നി ഈ വരികള്‍...സ്വപ്നങ്ങളുടെ ഈ ചതുപ്പില്‍ ജീവിതം താണുപോകാതിരിക്കട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുന്നു ഞാന്‍....

അഭിനന്ദനങ്ങള്‍....

Unknown said...

ഈ മനോഹരചിന്തകള്‍ക്ക്‌ മുന്നില്‍ വാത്സല്യപൂര്‍വ്വം ആശംസകള്‍ !!
കെ.പി.എസ്.അങ്കിള്‍

അശോക് said...

That was good...

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.