Sunday, November 11, 2007

കണി

എന്നും പുലരിയില്‍ കണ്ടുണരാനൊരു
മാനസരൂപം ഞാന്‍ തീര്‍ത്തു
ആ മുഖദര്‍ശന മാത്രയിലെന്നിലെ
ആലസ്യമെല്ലാമകലും.

അങ്ങനൊരാളെന്നരികിലില്ലെന്നാലും
എന്നുമെന്നുള്ളില്‍ വാഴുന്നൂ
അരുതു നീ പോകരുതെന്നകം വിട്ടു,നീ
അകതാരില്‍ നിത്യവും വാഴൂ.

ഇനി നിന്നെ നേര്‍ക്കുനേര്‍ കണ്ടാലുമെങ്ങനെ
ഞാനാണിതെന്നറിയും നീ
അറിയില്ല നീയെന്നെ ഒരുനാളുമറിയില്ല
ഞാന്‍ നിനക്കെന്നുമൊരന്യ.

ആശിക്കലാകുന്ന അപരാധമൊന്നു ഞാന്‍
ചെയ്തുപോയ്,കുറ്റമേല്‍ക്കുന്നു
ഒഴിവാക്കല്‍‌മുള്ളുകൊണ്ടീയനുരാഗിയെ
ശിക്ഷിക്ക നീ മതിയോളം.

5 comments:

lost world said...

അല്ല,ഇതിപ്പോ വല്ലാത്തൊരു പ്രശ്നമായല്ലോ.
പ്രണയ പരാജയമാണ് പ്രശ്നമെന്ന് മനസ്സിലായി.
വെറുതേ കരയാതിരിക്കൂ.

ആവനാഴി said...

ആശിക്കലപരാധമല്ലെന്റെകുട്ടിനീ
ആശിക്കവേണ്ടോളമെന്നും
അനുരാഗമാകുന്നതേന്‍മുള്ളുകൊള്ളുവാന്‍
ആശയില്ലേനിനക്കെന്നും?

ശ്രീകല said...

ആവനാഴിക്കു പ്രണാമം.
വാല്‍‌മീകിക്കു നന്ദി.
വെയിലിന് തെറ്റിദ്ധാരണ നീങ്ങാന്‍ പ്രാര്‍ത്ഥന.

ഗിരീഷ്‌ എ എസ്‌ said...

പ്രണയനൈരാശ്യത്തിന്റെ
നിഴലുകള്‍
കവിതയില്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്‌...

നിരാശ ഒരിക്കലും ഒരു തെറ്റായ നെഗേറ്റെവായ വികാരമാണെന്ന്‌ തോന്നിയിട്ടില്ല...
ഈ കവിതയില്‍ നൊമ്പരം തന്നെയാണ്‌ അതിന്റെ സൗന്ദര്യം...

അഭിനന്ദനങ്ങള്‍...

ശ്രീകല said...

ദ്രൌപദീ,
താങ്കളുടെ രചനകള്‍ എനിക്ക് വളരെ ഇഷ്ടമാണ്.കമന്റ് അയക്കുമ്പോള്‍ ഒന്നും പോകുന്നില്ല.എന്താണെന്നറിയില്ല.രചനകളിലൂടെ ഞാന്‍ ദ്രൌപദിയെ ഒരുപാടൊരുപാടിഷ്ടപ്പെടുന്നു.എന്റെ വളരെ അടുത്ത ഒരാള്‍ എന്ന പോലെ.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.